Saturday, March 22, 2014

Dr.മീന ഇസ്ലാം മതം സ്വീകരിച്ച ശേഷം ഉള്ള പ്രതികരണം:

ചെറുപ്പം മുതല്‍ തന്നെ, സ്ത്രീ അവളുടെ അവകാശങ്ങള്‍ മനസ്സിലാക്കണമെന്ന് തോന്നിയിട്ടുള്ള ആളാണ്‌ ഞാന്‍. പക്ഷെ,അവകാശം എന്താണെന്ന് അന്നൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൈവികമായ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അവ മനസിലാക്കാന്‍ കഴിയൂ. ഇസ്‌ലാം അവ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ, അവള്‍ ഏതു രാജ്യക്കാരിയായിരുന്നാലും മാതൃകാ വനിതയായിരിക്കും.

ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഇസ്‌ലാമിക് ഫെമിനിസത്തെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലവില്‍ വന്ന പ്രസ്ഥാനമാണ് ‘ഫെമിനിസ്റ്റിക് മൂവ്മെന്‍റ്’. അതിന്‍റെയൊരു അതിരുകടന്ന രൂപമാണ് സ്ത്രീ-പുരുഷ സമത്വവാദം. സ്ത്രീയുടെ കടമകള്‍ മറന്നുകൊണ്ട് അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം വാദിക്കുക, പുരുഷന്‍റെ കൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുക, ഇതു വഴിപിഴച്ച വാദമാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും നന്നല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അവളോട്‌ അനുസരിക്കാന്‍ പറയുന്ന ധാര്‍മിക മൂല്യങ്ങളും വലിച്ചെറിഞ്ഞു പാശ്ചാത്യ വനിതകളെ പോലെ ജീവിക്കാന്‍ ‘ഇസ്‌ലാമിക് ഫെമിനിസം’ എന്ന മൂടുപടമണിഞ്ഞു വന്നവര്‍ പറഞ്ഞാല്‍ അതില്‍ വഞ്ചിതരാകുന്നവരല്ല കേരളത്തിലെ മുസ്‌ലിം വനിതകള്‍.

ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ അതിനു വേണ്ടി ശബ്ദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കി അക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തി, നല്ല നിലക്കുതന്നെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അവള്‍ ചോദിച്ചു വാങ്ങണം; ഒരു കാരണവശാലും ബാധ്യതകള്‍ മറന്നു കൊണ്ടാവരുത് ഇതു. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണ രീതികളെ കുറിച്ച് എനിക്ക് പല തെറ്റിധാരണകളും ഉണ്ടായിരുന്നു. എന്തിനാണ് ഇവര്‍ ഇങ്ങനെ മൂടിപുതച്ചു നടക്കുന്നത്!പഠിപ്പില്ല, സംസ്കാരമില്ല എന്നൊക്കെ മുസ്‌ലിംസ്ത്രീകളെ കാണുമ്പോള്‍, വിദ്യാര്‍ഥിനിയായ എനിക്ക് തോന്നിയിരുന്നു. ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പോള്‍ എന്‍റെധാരണകള്‍ തിരുത്തേണ്ടിവന്നു. ശരിയും തെറ്റും മനുഷ്യര്‍ തീരുമാനിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് കൊടുത്താല്‍ പ്രശ്നങ്ങള്‍ വര്‍ധിക്കുകയെ ഉള്ളു. ഒരുവന്‍റെ ശരി അപരന് തെറ്റായി തോന്നിയേക്കാം. അതുകൊണ്ട് തന്നെ ദൈവം എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കി. മുസ്‌ലിം സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ദൈവത്തിന്‍റെ വിധിയാണ്. സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണ്‌. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വ്യക്തിയുടെയും നന്മക്കെല്ലാതെ തിന്മക്കു ഒരിക്കലും ഇസ്‌ലാമിക വേഷവിധാനം കാരണമാകുന്നില്ല.

സ്ത്രീ തന്‍റെ ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും പ്രദര്‍ശിപിച്ചു നടന്നാല്‍ അത് സ്വാതന്ത്ര്യം. മറച്ചു നടന്നാല്‍ അത് അടിമത്തവും! നാശത്തിലേക്ക് തള്ളിവിടുന്ന നഗ്നതാ പ്രദര്‍ശനത്തിലാണോ സ്വാതന്ത്ര്യം കുടികൊള്ളുന്നത്? തല മറച്ചു നടന്നാല്‍ ഭയങ്കര ചൂടായിരിക്കില്ലേ എന്നാണു ചില സുഹൃത്തുക്കള്‍ചോദിക്കുന്നത്. ശരിയാണ്. അല്പസ്വല്പം പ്രയാസമൊക്കെയുണ്ടാകും. ദൈവ പ്രീതിക്കുവേണ്ടി അതൊക്കെ സഹിക്കാന്‍ കഴിയണം; അതിനാണ് പ്രതിഫലമുള്ളത്‌. ഇസ്‌ലാമിക വസ്ത്രധാരണം കൊണ്ട് ആത്മ വിശ്വാസവും സ്വാതന്ത്ര്യ ബോധവുമാണ് ഉണ്ടാകുന്നതു. കയ്യോ കാലോ അനക്കിയാല്‍ നഗ്നത വെളിവാകില്ല. നിഴലടിക്കുന്ന, ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രംധരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെതായ കാരണം കൊണ്ട് ആരും നമ്മെ ദുഷ്ചിന്തയോടെ നോക്കുകയില്ല.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി ഇവിടെ പങ്കു
വെക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു. പ്രബോധനം എങ്ങിനെ ചെയ്യണമെന്നു നബി(സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ മാര്‍ഗം തന്നെ നമ്മളും പിന്തുടരണം. കാരണം അല്ലാഹുവില്‍ നിന്നുള്ള ദിവ്യ ബോധനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍(സ) പ്രബോധനം ചെയ്തത്. ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടില്‍പൊതിഞ്ഞു ആശയപ്രചാരണം നിര്‍വഹിക്കുന്നതിന് ഇസ്‌ലാമില്‍ സാധുതയില്ല. അവനവന്‍റെ കഴിവില്‍പെട്ടിടത്തോളം മറ്റുള്ളവരെ സഹായിക്കല്‍ മുസലിമിന്റെ ബാധ്യതയാണ്. അതില്‍സംശയമില്ല. അനാഥകളോട്, അഗതികളോട്, കുടുംബങ്ങളോട്, അയല്‍ക്കാരോട്…..ഇങ്ങനെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുമൊക്കെ ഇസ്‌ലാം ആവശ്യപ്പെടുന്നു. നിത്യജീവിതത്തിന്‍റെ ഭാഗമാണിതൊക്കെ. എന്നാല്‍ പ്രബോധനം വേറൊരു ബാധ്യതയാണ്. ഇസ്ലാമിന്‍റെ സന്ദേശം നമുക്ക് കഴിയുന്ന നിലക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പ്രത്യകിച്ചു നാം അടുത്തു പെരുമാറുന്നവര്‍ക്ക് -നമുക്ക് കടമയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അവസരങ്ങള്‍ കിട്ടിയാല്‍പ്രബോധനം നടത്താം. എന്നാല്‍സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിലേക്കുള്ള ക്ഷണമല്ല. അത് സല്‍കര്‍മ്മമാണ് താനും. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി സാഹചര്യം മാറ്റിയെടുത്തിട്ടെ പ്രബോധനം ചെയ്യാവൂ എന്ന നിയമമൊന്നും ആരും ചമയ്ക്കേണ്ടതില്ല. ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഏറ്റവും മുഖ്യമായത്. അത് ചെയ്യാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ദഅവത്തിന്‍റെ പ്രതിഫലം ലഭിക്കുകയില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ പ്രാധാന്യവും പരലോകത്തിന്‍റെ ആവശ്യകതയും മനസ്സിലാക്കി കൊടുക്കാനുള്ള ഭൂമികയായി പ്രവാചകന്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സമൂഹത്തിന്റെ കണ്ണില്‍ സ്വന്തം മുഖം നന്നാക്കുവാന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുക എന്നത് അര്‍ത്ഥശൂന്യമാണ്; അത് ചെയ്യുന്ന വ്യക്തികളോ സംഘടനകളോ ആണെങ്കിലും ശരി. ലോകമാന്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറിയ നിലക്കുള്ള, ദൈവത്തില്‍ പങ്കു ചേര്‍ക്കലായാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനെപറ്റി ഈയിടെ കേട്ടു. തികച്ചും രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ദലിതുകളെ പോലുള്ളവരെ കൂട്ടമായി മതം മാറ്റുന്നതും ഭൗതിക വിഭവങ്ങള്‍ നല്‍കികൊണ്ടും ഭീഷണിപെടുത്തിയും മറ്റുംമതംമാറ്റുന്നതും തടയാനാണ് നിര്‍ബന്ധ മതപരിവര്‍ത്തന ബില്‍ കൊണ്ടുവരുന്നതെന്നാണ് അതിന്‍റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ ലക്‌ഷ്യം സ്വമേധയായുള്ള മതപരിവര്‍ത്തനത്തെ പോലും നിരോധിക്കുക എന്നാണു.
ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മതമാറ്റം കൊണ്ട് നൈമിഷികമായ ഗുണമേ കിട്ടൂ. ഇതു ജീവിതത്തെക്കുറിച്ച് കൃത്യമായ ലക്ഷ്യമുള്ളവര്‍ക്കറിയാം. മതവും മതപരിവര്‍ത്തനവും വിഷയമാക്കിതീര്‍ത്തു വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് മതപരിവര്‍ത്തന വിരോധികള്‍ ലക്ഷ്യമാക്കുന്നത്.

ഏതുമതത്തിലും വിശ്വസിക്കാനും അതിന്‍റെ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സത്യത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അംബേദക്കറിനെ പോലുള്ള നല്ല നിലക്ക് ചിന്തിക്കുന്ന ഏതാനും നേതാക്കള്‍ എഴുതിയുണ്ടാക്കിയ ഈ നിയമങ്ങള്‍ തിരുത്തി കുറിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അക്കൂട്ടര്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ അതും സംഭവിച്ചേക്കാം.

നിര്‍ബന്ധിക്കലും പ്രലോഭിപ്പിക്കലും വഴിയുള്ള മതപരിവര്‍ത്തനമേ നിരോധിക്കൂ എന്ന് പറയുന്നതില്‍ കെണിയുണ്ട്. എന്തിനെയും പ്രലോഭനമായും നിര്‍ബന്ധിതമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. മാറിവന്നവന് ചിലപ്പോള്‍ പുനരധിവാസ സൗകര്യമോ മറ്റോ ചെയ്തു കൊടുക്കേണ്ടിവരും. അത് കൊടുത്തവനെയും മതം മാറിയവനെയും ജയിലിലടക്കാനും കഴിഞ്ഞേക്കും. ഈ നിയമ നിര്‍മാതാക്കള്‍ക്ക് കൂടി ഇസ്ലാമിന്‍റെ സത്യസന്ദേശം എത്തിച്ചുകൊടുത്തു അവരെ കാര്യങ്ങള്‍ ബോധ്യപെടുത്താനാണ് മുസ്‌ലിം സമൂഹം ഇത്തരുണത്തില്‍ സന്നദ്ധമാകേണ്ടത്.

No comments:

Post a Comment